സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഊബർ, റാപ്പിഡോ, ഒല തുടങ്ങിയ ഓണ്‍ലൈൻ ടാക്സി കന്പനികൾക്ക് തിരക്കുള്ള മണിക്കൂറുകളിൽ (പീക്ക് അവേഴ്സ്) അടിസ്ഥാനനിരക്കിന്റെ രണ്ടിരട്ടി തുക വരെ യാത്രക്കാരിൽനിന്ന് ഈടാക്കാൻ കേന്ദ്രത്തിന്റെ അനുമതി. തിരക്കില്ലാത്ത മണിക്കൂറുകളിൽ (നോണ്‍-പീക്ക് അവേഴ്സ്) കന്പനികൾ ഈടാക്കുന്ന തുക അടിസ്ഥാന നിരക്കിനേക്കാൾ 50 ശതമാനം കുറയരുതെന്നും നിർദേശമുണ്ട്.
ബുക്ക് ചെയ്തതിനു ശേഷം യാത്ര റദ്ദാക്കുന്പോൾ ഡ്രൈവർമാർക്കും യാത്രക്കാർക്കും തിരിച്ചടിയായി പിഴയും ഏർപ്പെടുത്തിയിട്ടുണ്ട്. യാത്ര റദ്ദാക്കാനുള്ള കാരണം ഓണ്‍ലൈൻ ടാക്സി കന്പനികൾക്ക് സാധുവായി തോന്നുന്നില്ലെങ്കിൽ ഡ്രൈവർമാരിൽനിന്നു 100 രൂപയിൽകൂടാതെ 10 ശതമാനം പിഴ ഈടാക്കാം. സമാനമായ പിഴ യാത്രക്കാർക്കും ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ടാക്സി കന്പനികൾ വാഹനങ്ങളിൽ ട്രാക്കിംഗ് ഡിവൈസുകൾ ഘടിപ്പിക്കണമെന്നും നിർദേശമുണ്ട്.
കേന്ദ്ര ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ച മാർഗരേഖയിൽ സംസ്ഥാനങ്ങളോട് മൂന്നുമാസത്തിനകം നിർദേശങ്ങൾ നടപ്പിലാക്കാനാണ് ആവശ്യം.
മോട്ടോർ വാഹനങ്ങളുടെ വിഭാഗമനുസരിച്ച് അതത് സംസ്ഥാന സർക്കാരുകൾ വിജ്ഞാപനം ചെയ്യുന്ന തുകയായിരിക്കും യാത്രക്കാരിൽനിന്ന് ഓണ്‍ലൈൻ ടാക്സികൾ ഈടാക്കുന്ന അടിസ്ഥാന നിരക്ക്. "ഡെഡ് മൈലേജിനു’ ഡ്രൈവർമാർക്കുണ്ടായ നഷ്ടം നികത്തുന്നതടക്കം പരിഗണിച്ച്, ഏറ്റവും കുറഞ്ഞത് മൂന്നു കിലോമീറ്റർ ദൂരത്തിൽ യാത്ര ചെയ്യുന്പോഴുണ്ടാകുന്ന തുകയാണ് അടിസ്ഥാനനിരക്കായി സംസ്ഥാന സർക്കാരുകൾ നിശ്ചയിക്കേണ്ടത്. യാത്രക്കാരില്ലാതെ വാഹനം യാത്ര ചെയ്ത ദൂരം, യാത്രക്കാരെ വാഹനത്തിൽ കയറ്റാനായി സഞ്ചരിച്ച ദൂരം, അപ്പോൾ ഉപയോഗിച്ച ഇന്ധനം എന്നിങ്ങനെയുള്ള ചെലവുകളാണ് ഡെഡ് മൈലേജുകളായി കണക്കാക്കുന്നത്. മൂന്നു കിലോമീറ്ററിൽ താഴെ ദൂരം മാത്രമാണ് യാത്രയെങ്കിൽ യാത്രക്കാരനിൽനിന്ന് ഡെഡ് മൈലേജ് നിരക്ക് ഈടാക്കാൻ കഴിയില്ലെന്നും ഉത്തരവിൽ പറയുന്നു.
കൊള്ളയടിയെന്ന് കോണ്‍ഗ്രസ്
ന്യൂഡൽഹി: യാത്രക്കാരിൽനിന്ന് കൂടുതൽ തുക ഈടാക്കാൻ ഓണ്‍ലൈൻ ടാക്സി കന്പനികൾക്ക് കേന്ദ്രാനുമതി നൽകിയ നീക്കത്തെ വിമർശിച്ച് കോണ്‍ഗ്രസ്. തിരക്കുള്ള മണിക്കൂറുകളിൽ അധിക ചാർജ് ഈടാക്കുന്നതും യാത്ര റദ്ദു ചെയ്യുന്പോൾ പിഴ നൽകേണ്ടിവരുന്നതും ജനങ്ങളുടെ കീശ കാലിയാക്കാനുള്ള ബിജെപിയുടെ കൊള്ളയടിയാണെന്ന് കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ വിമർശിച്ചു.